Breaking News
Home / NEWS / International / മുസ്ലീം രാജ്യങ്ങള്‍ക്കുള്ള യാത്രാ വിലക്ക്‌; ട്രംപിന് വീണ്ടും കനത്ത തിരിച്ചടി; ഉത്തരവ് നടപ്പാക്കാനാകില്ലെന്ന് കോടതി
19

മുസ്ലീം രാജ്യങ്ങള്‍ക്കുള്ള യാത്രാ വിലക്ക്‌; ട്രംപിന് വീണ്ടും കനത്ത തിരിച്ചടി; ഉത്തരവ് നടപ്പാക്കാനാകില്ലെന്ന് കോടതി

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് വീണ്ടും കനത്ത തിരിച്ചടി. ആറു മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ട്രംപിന്റെ ഉത്തരവ് നടപ്പാക്കാനാകില്ലെന്ന് വിര്‍ജീനിയ കോടതിയുടെ വിധി.ഉത്തരവ് സ്‌റ്റേ ചെയ്ത കീഴ്‌ക്കോടതി വിധി ശരിവെച്ചാണ് അപ്പീല്‍ കോടതി നടപടി. ഉത്തരവ് ഭരണഘടനാ തത്വങ്ങള്‍ ലംഘിക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉത്തരവ് പ്രഥമദൃഷ്ട്യ മതാടിസ്ഥാനത്തില്‍ വേര്‍തിരിവ് സൃഷ്ടിക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി.മതത്തിന്റെ പേരിലുള്ള വിലക്ക് അസഹിഷ്ണുതയാണെന്ന് കോടതി വിലയിരുത്തി. എന്നാല്‍ കോടതി ഉത്തരവ് നിരാശാജനകമാണെന്നും ദേശീയ സുരക്ഷാ കണക്കിലെടുക്കാതെ ഉത്തരവ് തള്ളിയത് ശരിയായില്ലെന്നും വൈറ്റ് ഹൗസ് വക്താവ് പ്രതികരിച്ചു.വിര്‍ജിന ഫോര്‍ത്ത് സര്‍ക്യൂട്ട് അപ്പീല്‍ കോടതിയാണ് യാത്രാവിലക്കിയ ഉത്തരവിനുള്ള സ്‌റ്റേ നീക്കാനാകില്ലെന്ന് വിധിച്ചത്. മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള വിസ നിരോധിക്കുന്നതില്‍ നിന്ന് രാജ്യത്തെ പിന്തിരിപ്പിക്കണമെന്ന കീഴ്‌കോടതി വിധി വിര്‍ജീനിയ കോടതി ശരിവെക്കുകയായിരുന്നു.

ഏഴ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ഏറെ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. ഇതേ തുടര്‍ന്ന് പരിഷ്‌കരിച്ച ഉത്തരവ് പുറത്തിറക്കിയെങ്കിലും കാതലായ മാറ്റങ്ങളൊന്നും ഉണ്ടായിരുന്നില്ല.തീവ്രവാദ ഭീഷണി നേരിടാനും ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയുമാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതെന്നാണ് ഡൊണാള്‍ഡ് ട്രംപിന്റെ വാദം. എന്നാല്‍ തീവ്രവാദ ഭീഷണി നേരിടാന്‍ മുസ്ലിം യാത്രാവിലക്കിന് പകരം ഏറെ കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് കോടതി വിലയിരുത്തി.മതപരമായ അസഹിഷ്ണുതയും മുസ്‌ലിം വിരോധവും വിവേചനവും സൃഷ്ടിക്കുന്നതാണ് യാത്രാവിലക്കെന്ന് കോടതി ചൂണ്ടിക്കാട്ടി. മതപരമായ വിവേചനം ഉണ്ടാക്കുന്ന തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.എന്നാല്‍ വിധിക്കെതിരെ ട്രംപ് ഭരണകൂടം രംഗത്ത് വന്നു. ഉത്തരവില്‍ ഒരിടത്തും മതത്തെകുറിച്ച് പരമാര്‍ശിക്കുന്നില്ലെന്ന് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് പറഞ്ഞു. തീവ്രവാദ ഭീഷണി നിലനില്‍ക്കുന്ന രാജ്യങ്ങളായതിനാലാണ് വിലക്കെന്നാണ് ഇവരുടെ വാദം.വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും എ ജി വ്യക്തമാക്കി. ആവശ്യമെങ്കില്‍ കേസ് ഫെഡറല്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് നേരത്തേ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.ലിബിയ, സുഡാന്‍, സിറിയ, യെമന്‍, സൊമാലിയ തുടങ്ങി ആറു രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്താനായിരുന്നു ട്രംപിന്റെ ഉത്തരവ്.

Courtesy : indiantelegram

Check Also

4

സഹോദരന്റെ ശവക്കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്തു; പാതിരാത്രിയില്‍ ശവപ്പെട്ടിയുമായി യുവാവിന്റെ സൈക്കിള്‍ യാത്ര

ഒരുവര്‍ഷം മുമ്പ് മരിച്ചുപോയ സഹോദരന്റെ ശവക്കല്ലറ പൊളിച്ച്, മൃതദേഹവുമായി യുവാവിന്റെ സൈക്കിള്‍ സവാരി. കഴിഞ്ഞ ഞായറാഴ്ച ബ്രസീലിലാണ് സംഭവം. തനിക്ക് …