Breaking News
Home / NEWS / Kerala / പരസ്യ കശാപ്പ്: റിജില്‍ മാക്കുറ്റി ഉള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റില്‍
2

പരസ്യ കശാപ്പ്: റിജില്‍ മാക്കുറ്റി ഉള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍:പ്രതിഷേധത്തിന്റെ ഭാഗമായി കാളക്കുട്ടിയെ പരസ്യമായി അറുത്തു മാംസം വിതരണം ചെയ്ത യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയടക്കം എട്ടുപേരെ അറസ്റ്റ് ചെയ്തു. പൊതുസ്ഥലത്തു പരസ്യമായി കശാപ്പു നടത്തിയതിനെതിരെ യുവമോർച്ച നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു കണ്ണൂർ സിറ്റി പൊലീസ് ഇവർക്കെതിരെ കേസെടുത്തത്.

കണ്ണൂര്‍ മജിസ്ട്രേറ്റിന്‍റെ അനുമതി നേടിയ ശേഷമാണ് സിറ്റി പൊലീസ് റിജില്‍ മാക്കുറ്റി ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്തത്. കേരള പൊലീസ് ആക്ടിലെ 120 എ വകുപ്പ് പ്രകാരം പൊതുസ്ഥലത്ത് പരസ്യമായി മൃഗങ്ങളെ കശാപ്പു ചെയ്ത കുറ്റത്തിനാണു കേസ്. ഒരുവര്‍ഷം വരെ തടവും 5000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ശനിയാഴ്ച വൈകിട്ടാണ് കണ്ണൂർ സിറ്റിയിൽ യൂത്ത് കോൺഗ്രസിന്റെ ബീഫ് പ്രതിഷേധം അരങ്ങേറിയത്. ചെറിയ കാളക്കുട്ടിയെ എത്തിച്ചു പരസ്യമായി അറുത്തു മാംസം വിതരണം ചെയ്യുകയായിരുന്നു. സമരം കഴിഞ്ഞ ഉടൻ റിജിൽ മാക്കുറ്റിക്കും ഒരുകൂട്ടം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കുമെതിരെ യുവമോർച്ച ജില്ലാ ഭാരവാഹികൾ സിറ്റി സ്റ്റേഷനിൽ പരാതി നൽകി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ കശാപ്പു നടത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങൾ വഴി ദേശീയതലത്തിലും യുവമോ‍ർച്ച പ്രചരിപ്പിച്ചു.

പൊതുസ്ഥലത്ത് പരസ്യമായി മാടിനെ കശാപ്പുചെയ്തതിനെതിരെ കോൺഗ്രസിൽ നിന്നുൾപ്പെടെ വലിയ വിമർശനമാണുയർന്നത്. നേതാക്കളെ പാർട്ടിയിൽനിന്നും സംഘടനയിൽനിന്നും സസ്പെൻഡ് െചയ്തു. യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം പ്രസിഡന്റ് റിജിൽ മാക്കുറ്റി, സംസ്ഥാന ജനറൽ സെക്രട്ടറി ജോഷി കണ്ടത്തിൽ, അഴീക്കോട് ബ്ലോക്ക് പ്രസിഡന്റ് ഷറഫുദ്ദീൻ കാട്ടാമ്പള്ളി എന്നിവർക്കെതിരെയാണ് നടപടി. യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വമാണ് ഇവരെ സംഘടനയിൽനിന്നു പുറത്താക്കിയത്.

പരസ്യമായി മാടിനെ അറുത്ത സംഭവത്തെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി അപലപിച്ചിരുന്നു. തനിക്കു വ്യക്തിപരമായും പാർട്ടിക്കും അംഗീകരിക്കാനാകാത്ത നടപടിയാണ് ഉണ്ടായതെന്നായിരുന്നു ട്വിറ്റർ വഴിയുള്ള രാഹുലിന്റെ പ്രതികരണം. സംഭവം ബുദ്ധിശൂന്യവും കിരാതവുമെന്ന് വിശേഷിപ്പിച്ച രാഹുൽ, ഇത്തരം നടപടികൾ അപലപനീയമാണെന്നും വ്യക്തമാക്കിയിരുന്നു.

Check Also

8

പഫ്‌സ് വാങ്ങാന്‍ 10 രൂപ മോഷ്ടിച്ചെന്നാരോപിച്ച് അമ്മ മകനെ പൊള്ളിച്ചു; ഒമ്പതു വയസ്സുകാരനാണ് ഗുരുതരമായി പൊള്ളലേറ്റത്

തൊടുപുഴ: പഫ്‌സ് വാങ്ങാന്‍ 10 രൂപ മോഷ്ടിച്ചെന്നാരോപിച്ച് അമ്മ മകനെ പൊള്ളലേല്‍പിച്ചു. തൊടുപുഴയിലെ  പെരുമ്പിള്ളിച്ചിറയില്‍ ആണ് ഞെട്ടിക്കുന്ന സംഭവം നടന്നത് . …