Breaking News
Home / SPORTS / Football / എഫ്.എ കപ്പ് ഫൈനലില്‍ കിരീടത്തിനായി ഇന്ന് ചെല്‍സിയും ആഴ്‌സണലും പോരാടും

എഫ്.എ കപ്പ് ഫൈനലില്‍ കിരീടത്തിനായി ഇന്ന് ചെല്‍സിയും ആഴ്‌സണലും പോരാടും

ലണ്ടന്‍ : ഇംഗ്ലണ്ടില്‍ പ്രീമിയര്‍ ലീഗ് ജേതാക്കളായ ചെല്‍സി സീസണില്‍ ഡബിള്‍ ലക്ഷ്യമിട്ട് ഇന്ന് ഇറങ്ങും. എഫ്.എ കപ്പ് ഫൈനലില്‍ കരുത്തരായ ആഴ്‌സണലാണ് നീലപ്പടയുടെ എതിരാളികള്‍. സീസണില്‍ മോശം പ്രകടനം കാഴ്ചവച്ച് പ്രീമിയര്‍ ലീഗില്‍ ആദ്യ നാലു സ്ഥാനങ്ങളില്‍ നിന്നു പുറത്തായ ആഴ്‌സണലിന് ഇതു മുഖംരക്ഷിക്കാനുള്ള മത്സരം കൂടിയാണ്. ലണ്ടനില്‍ പുതിയ വെംബ്ലി സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 10 മുതലാണ് മത്സരം.പ്രീമിയര്‍ ലീഗ് സീസണില്‍ ഇക്കുറി ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ഓരോ ജയവുമായി പിരിയുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ ആഴ്‌സണലിന്റെ തട്ടകമായ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയര്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു ജയിച്ചപ്പോള്‍ സ്വന്തം മണ്ണായ സ്റ്റാംഫോര്‍ഡ്ബ്രിഡ്ജില്‍ ഫെബ്രുവരിയില്‍ 31ന് ആഴ്‌സണലിനെ തോല്‍പിച്ചാണ് ചെല്‍സി പകവീട്ടിയത്.ഇരുവരും തമ്മില്‍ അവസാനം ഏറ്റുമുട്ടിയതിലും മുന്‍തൂക്കം ചെല്‍സിക്കാണ്. അവസാന അഞ്ചു മത്സരങ്ങളില്‍ നീലപ്പട മൂന്നു ജയങ്ങള്‍ സ്വന്തമാക്കിയപ്പോള്‍ രണ്ടെണ്ണം ആഴ്‌സണല്‍ ജയിച്ചു.സീസണില്‍ ഇക്കുറി മിന്നുന്ന ഫോമിലായിരുന്ന ചെല്‍സി ആധികാരികമായാണ് പ്രീമിയര്‍ലീഗ് കിരീടം ചൂടിയത്.

കോച്ച് അന്റോണിയോ കോന്റെയുടെ തന്ത്രങ്ങളും കളിക്കളത്തില്‍ എന്‍ഗോളോ കാന്റെ, എയ്ഡന്‍ ഹസാര്‍ഡ്, സെസ്‌ക് ഫാബ്രിഗാസ്, ഡീഗോ കോസ്റ്റ എന്നിവരുടെ മിന്നുന്ന പ്രകടനവുമാണ് ചെല്‍സിയുടെ കരുത്ത്.മറുവശത്ത് നാണക്കേടിന്റെ പടുകുഴിയില്‍ നില്‍ക്കുകയാണ് ആഴ്‌സണല്‍. പ്രീമിയര്‍ ലീഗ് സീസണില്‍ ആദ്യ നാലില്‍ നിന്നു പുറത്തായതോടെ അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗിനു യോഗ്യത നേടാന്‍ പോലും ആഴ്‌സണലിനായിട്ടില്ല. രണ്ടു പതിറ്റാണ്ടിനു ശേഷം ഇതാദ്യമായാണ് ആഴ്‌സണലിന് ചാമ്പ്യന്‍സ് ലീഗ് യോഗ്യത നഷ്ടമാകുന്നത്.അലക്‌സിസ് സാഞ്ചസ്, മെസ്യൂട്ട് ഓസില്‍, ഒളിവര്‍ ഗിറൗഡ്, തിയോ വാല്‍ക്കോട്ട്, അലക്‌സ് ഓക്‌സ്ലെയ്ഡ് ചേമ്പര്‍ലെയ്ന്‍, ആരോണ്‍ റാംസെ തുടങ്ങിയ പ്രമുഖര്‍ ഉണ്ടായിട്ടും ടീമിനു മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകാത്തത് കോച്ച് ആഴ്‌സന്‍ വെങ്ങറിനു തലവേദനയാണ്.ആരാധക രോഷം തനിക്കു നേരെ ഉയര്‍ന്നതോടെ സ്ഥാനം നഷ്ടമാകുമെന്ന് ഏറെക്കുറേ ഉറപ്പായ വെങ്ങര്‍ക്ക് ഈ കിരീടം കൂടിയേ തീരൂ. അതിനാല്‍ തന്നെ രണ്ടും കല്‍പിച്ചുള്ള പോരാട്ടത്തിനാകും ആഴ്‌സണല്‍ ഇന്ന് ഇറങ്ങുക.

Courtesy : indiantelegram

Check Also

3

മാച്ച് ബോള്‍ നല്‍കാന്‍ ഒഫീഷ്യല്‍ ഗ്രൗണ്ടിലെത്തിയത് പറന്ന്

ലിസ്ബണ്‍ : ഫുട്‌ബോള്‍ മത്സരത്തിന്റെ മാച്ച് ബോള്‍ സാധാരണ റഫറിമാരായിരിക്കും ഗ്രൗണ്ടിലെത്തിക്കുന്നത്. ചിലപ്പോള്‍ കുട്ടികളോ പഴയ താരങ്ങളോ മാച്ച് ബോളുമായി …