Breaking News
Home / AUTOMOTIVE / ഡിസ്‌കൗണ്ടുമായി ഇസൂസു; MU-X എസ്‌യുവിയ്ക്ക് 1.5 ലക്ഷം രൂപ വരെ വില കുറച്ചു
8

ഡിസ്‌കൗണ്ടുമായി ഇസൂസു; MU-X എസ്‌യുവിയ്ക്ക് 1.5 ലക്ഷം രൂപ വരെ വില കുറച്ചു

റെനോയ്ക്കും ഫോഡിനും പിന്നാലെ ഡിസ്‌കൗണ്ടുകളുമായി ഇസുസുവും രംഗത്ത്. മോഡലുകളുടെ എക്‌സ്‌ഷോറൂം വിലകളില്‍ 60,000 രൂപ മുതല്‍ 1.5 ലക്ഷം രൂപ വരെ വിലക്കിഴിവാണ് ഇസുസു മോട്ടോര്‍സ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ജിഎസ്ടി പശ്ചാത്തലത്തില്‍ എത്രയും പെട്ടെന്ന് ഉപഭോക്താക്കളില്‍ ആനുകൂല്യങ്ങള്‍ എത്തിക്കുകയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ഇസുസു വ്യക്തമാക്കി. ചരക്ക് സേവന നികുതിയുടെ പിന്‍ബലത്തില്‍ വിപണിയില്‍ എസ്‌യുവികളുടെയും പ്രീമിയം കാറുകളുടെയും വില 12 ശതമാനം വരെ ഇതിനകം കുറഞ്ഞ് കഴിഞ്ഞു.

അടുത്തിടെ ഇസുസു അവതരിപ്പിച്ച MU-X എസ്‌യുവിയുടെ വില 22.4 ലക്ഷം രൂപ മുതല്‍ 24.4 ലക്ഷം രൂപ വരെയായി മാറ്റി ക്രമീകരിച്ചു. നേരത്തെ, 23.9 ലക്ഷം രൂപ ആരംഭ വിലയിലാണ് MU-X വിപണിയില്‍ എത്തിയിരുന്നത്. MU-X ടോപ് വേരിയന്റിന്റെ വില 25.9 ലക്ഷം രൂപയായിരുന്നു (ഡല്‍ഹി എക്‌സ്‌ഷോറൂം വില). 3.0 ലിറ്റര്‍ ടര്‍ബ്ബോ ഇന്‍ലൈന്‍ ഫോര്‍സിലിണ്ടര്‍ ഡീസല്‍ എന്‍ജിനിലാണ് ഇസുസു MU-X എത്തുന്നത്. 174 ബിഎച്ച്പി കരുത്തും 380 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എന്‍ജിനില്‍ 5 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഇസുസു നല്‍കുന്നത്. MU-X ന് പുറമെ, പിക്കപ്പ് ട്രക്കായ വിക്രോസിനും ഇസുസു ഡിസ്‌കൗണ്ട് ലഭ്യമാക്കുന്നുണ്ട്.

പുതുക്കിയ നിരക്ക് പ്രകാരം, 12.7 ലക്ഷം രൂപ വിലയിലാണ് വിക്രോസ് ലഭ്യമാകുന്നത് (ഡല്‍ഹി എക്‌സ്‌ഷോറൂം വില). 2.5 ലിറ്റര്‍, ഫോര്‍സിലിണ്ടര്‍ ടര്‍ബ്ബോ ഡീസല്‍ എന്‍ജിനിലാണ് വിക്രോസ് ഒരുങ്ങുന്നത്. 134 ബിഎച്ച്പികരുത്തും 320 എന്‍എം ടോര്‍ക്കുമാണ് വിക്രോസ് എന്‍ജിന്‍ ഉത്പാദിപ്പിക്കുക. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് വിക്രോസ് എന്‍ജിനുമായി ഇസുസു ബന്ധപ്പെടുത്തുന്നത്. നിലവിലെ നികുതി നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍, പുതിയ ജിഎസ്ടി നിരക്കുകള്‍ വലിയ കാറുകളുടെ വില കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വലിയ എന്‍ജിന്‍ ശേഷിയുള്ള കാറുകളില്‍ 28 ശതമാനം നികുതിയും, 15 ശതമാനം വരെ സെസുമാണ് നിശ്ചയിച്ചിരിക്കുന്നത്.

ജിഎസ്ടി പ്രകാരം, 1200 സിസിക്ക് താഴെ എന്‍ജിന് ശേഷിയുള്ള കാറുകളില്‍ ഒരു ശതമാനം സെസാണ് ഈടാക്കുക. അതേസമയം, 1500 സിസിക്ക് താഴെ എന്‍ജിന്‍ ശേഷിയുള്ള ഡീസല്‍ കാറുകളില്‍ മൂന്ന് ശതമാനം സെസാണ് ചുമത്തുക. 1500 സിസിക്ക് മുകളിലുള്ള വലിയ കാറുകള്‍ക്കും, 1500 സിസിക്ക് മുകളിലുള്ളതും നാല് മീറ്ററില്‍ നീളമുള്ളതുമായ എസ്‌യുവികള്‍ക്കും 15 ശതമാനം സെസാണ് നിശ്ചയിച്ചിരിക്കുന്നത്.

നേരത്തെ, ജിഎസ്ടിയുടെ പശ്ചാത്തലത്തില്‍ ആഢംബര കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു, ഔഡി. മെര്‍സിഡീസ് എന്നിവര്‍ മോഡലുകളില്‍ ഡിസ്‌കൗണ്ട് നിരക്കുകള്‍ ലഭ്യമാക്കിയിരുന്നു. മോഡലുകളുടെ അടിസ്ഥാനത്തില്‍ 12 ശതമാനം വരെയാണ് ബിഎംഡബ്ല്യു നിരക്കിളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ആഭ്യന്തര മോഡലുകളില്‍ ഏഴ് ലക്ഷം രൂപ വരെ നിരക്കിളവ് നല്‍കി മെര്‍സിഡീസും രംഗത്തുണ്ട്.

Check Also

10

പുത്തന്‍ അപ്രീലിയ ബൈക്കുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാവായ അപ്രീലിയ ഷിവര്‍ 900, ഡോര്‍സോഡ്യൂറോ 900 മോട്ടോര്‍സൈക്കിളുകളെ വിപണിയിലെത്തിച്ചു. 11.99 ലക്ഷം, 12.50 ലക്ഷം എന്ന …