Breaking News
Home / LIFESTYLE / Health / തേങ്ങ കഴിച്ചാൽ എന്തുണ്ട് ഗുണം?
30

തേങ്ങ കഴിച്ചാൽ എന്തുണ്ട് ഗുണം?

‘മോളേ, അച്ഛന് ബി. പി. യും, ഹാർട്ട് അറ്റാക്കും  വന്നതിൽ പിന്നെ ഞങ്ങളിവിടെ ഒന്നിലും തേങ്ങാ ഉപയോഗിക്കാറില്ല. അതുകൊണ്ട് മോള് പാചകം ചെയ്യുമ്പോൾ ശ്രദ്ധിച്ചോണം. തേങ്ങാ വളരെ കുറച്ചേ ഉപയോഗിക്കാവൂ. ഒരു തേങ്ങ എടുത്താൽ ഒരാഴ്ചത്തേക്കാ ഇവിടെ’’. പുതിയതായി കല്യാണം കഴിഞ്ഞുവന്ന മരുമകളോട് ഗൃഹനാഥ അടുക്കളയിലെ ചിട്ടവട്ടങ്ങൾ പറഞ്ഞു കൊടുക്കുകയായിരുന്നു. പാവം മൂന്നു നേരവും കറികളിലും, പലഹാരങ്ങളിലും തേങ്ങ യഥേഷ്ടം ഉപയോഗിച്ചു ശീലിച്ച ആ നാടൻ പെൺകുട്ടിക്ക് ഒരു വലിയ ഷോക്കായിരുന്നു. ഇനി തേങ്ങ ഇല്ലാതെയും പാചകം ചെയ്യാൻ ആദ്യം മുതൽ പഠിക്കേണ്ടിയിരിക്കുന്നു.ആരോഗ്യരംഗത്തെ വിദഗ്ധരും ബഹുരാഷ്ട്ര വ്യവസായികളും, ശാസ്ത്രജ്ഞരും ചേർന്ന് ആസൂത്രിതമായി ദുഷ്പ്രചരണം നടത്തി നമ്മുടെ മനസ്സിനെ ദുഷിപ്പിച്ചു. യഥാർഥത്തിൽ, ദൈവം നമുക്ക് അനുഗ്രഹിച്ചു നൽകിയ ഒരു ഫലമാണ് തേങ്ങ. നൂറ്റാണ്ടുകളായി ഭാരതത്തിൽ എല്ലായിടത്തും – കന്യാകുമാരി മുതൽ കാശ്മീർ വരെ – എല്ലാ വിശേഷ അവസരങ്ങളിലും, പൂജാദികർമങ്ങളിലും നാളികേരം ഉപയോഗിച്ചു വരുന്നു.

നാളികേരത്തിന്റെ ദിവ്യഗുണത്തെക്കുറിച്ച് നമ്മെ നിരന്തരം ബോധ്യപ്പെടുത്താനാണിത്. ദേവന് കാഴ്ചവെക്കുന്ന ഒരു ഫലവും മനുഷ്യന് നിഷിദ്ധമല്ല. തേങ്ങപോലെ തേങ്ങ മാത്രം. ഇത്രയും പൂർണതയുള്ള ഒരു ആഹാരം ലോകത്ത് വേറെയുണ്ടെന്ന് തോന്നുന്നില്ല. തേങ്ങ ഒരേ സമയം പഴമാണ്, പച്ചക്കറിയാണ്, അണ്ടിവർഗമാണ്, ധാന്യവുമാണ്. പല വീടുകളിലും ഒരു മുറി തേങ്ങയുണ്ടെങ്കിൽ ഒരാഴ്ചത്തേക്ക് ഉപയോഗിക്കും. എല്ലാവർക്കും ഭയം. കൊള്ട്രോൾ ഉണ്ടാകുമെന്നാണ് ഭീഷണി. തേങ്ങയെ നിങ്ങൾ പേടിക്കുകയേ വേണ്ട. അത് ഒരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുകയില്ല.  പൂർണതയുള്ള ഭക്ഷണമാണ് തേങ്ങ. ചിലർ തേങ്ങ ചിരവുമ്പോൾ ചിരട്ടയോട് അടുത്ത ഭാഗം വരുമ്പോൾ വലിച്ചെറിയും. അവിടെ നമ്മൾ ചെയ്യുന്നതെന്താണ്? തേങ്ങയുടെ തൊലി വേണ്ടെന്നുവയ്ക്കുകയാണ്. ഏറ്റവും പോഷകസമ്പന്നമായ ഭാഗമാണ് ആ ബ്രൗൺ നിറമുള്ള ഭാഗം. നെല്ലിന്റെ തവിടുപോലെ പോഷകസമ്പുഷ്ടം. തേങ്ങയുടെ പൂർണത എന്നു പറയുന്നത് തൊലികൂടി ചേരുമ്പോഴാണ്.

  ക്ഷാരഗുണത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനക്കാരനാണ് തേങ്ങ. പുളിച്ചുതികട്ടൽ വരുമ്പോൾ ഒരു നാളികേരപ്പൂള് കഴിച്ചുനോക്കൂ. എത്ര ആശ്വാസകരമാണത് എന്നു കാണാം. ദഹനവിധേയമാണോ എന്നു കൂടി നോക്കിയാൽ നമ്മുടെ പരീക്ഷണങ്ങളെല്ലാമായി. തേങ്ങപോലെ ഇത്രയും ദഹനവിധേയമായ ഒരു ഭക്ഷണം വേറെയില്ലെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. തേങ്ങയുടെ ഒരു കോശത്തിന്റെ ഘടനയിൽ നിന്ന് ഇക്കാര്യം വ്യക്തമാകും. അതിന്റെ ഏറ്റവും പുറത്തെ ആവരണം അന്നജ (starch)മാണ്. അതിന്റെ ഉള്ളിൽ മാംസ്യം (Protein) കൊണ്ടുള്ള ആവരണം. ഏറ്റവും അകത്ത് കൊഴുപ്പാ (fat) ണുള്ളത്. തേങ്ങ ചവയ്ക്കുമ്പോൾ ഏറ്റവും പുറത്തെ ആവരണായ അന്നജം ആദ്യം ദഹിക്കും. ഉമിനീരിലുള്ള തയാലിൻ അന്നജവുമായി ചേർന്നാണ് ആദ്യഘട്ട ദഹനം. ഈ തയാലിന്റെ ദഹനം വായയിലും ആമാശയത്തിലും വെച്ചാണ് നടക്കുക. ആദ്യ ആവരണം നീങ്ങിക്കഴിയുമ്പോൾ മാംസ്യം പുറത്തുവരും. മാംസ്യത്തിന്റെ ദഹനവും ആമാശയത്തിൽ നടക്കും.  അവിടെവെച്ച് കൊഴുപ്പ് ദഹിക്കുന്നില്ല. അവിടെനിന്ന് ഡുവോഡിനത്തിൽ (പക്വാശയം) എത്തുമ്പോഴാണ് കൊഴുപ്പ് ദഹിക്കുന്നത്. പടിപടിയായാണ് ഈ ദഹനപ്രക്രിയ നടക്കുന്നത് എന്നതുകൊണ്ടുതന്നെ നമ്മുടെ ദഹനവ്യവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ ഭക്ഷണമാണ് തേങ്ങ എന്നു പറയാം. ഈ തേങ്ങയെയാണ് നമ്മള്‌ ഭയപ്പെട്ട് മാറ്റി നിർത്തുന്നത്. വെറും തേങ്ങ മാത്രം കഴിച്ചാൽ നമുക്കു വേണ്ട പോഷകങ്ങളെല്ലാം കിട്ടും. ഇന്ദ്രിയങ്ങൾക്ക് ഹിതകരം , ഗുണങ്ങൾ നോക്കിയാൽ ഏറ്റവും ഉത്തമം, പോഷകശാസ്ത്രപരമായി ഒന്നാം സ്ഥാനത്ത്. ഇത് നമുക്കായി നൽകപ്പെട്ട ഉത്തമഭക്ഷണം തന്നെയാണ്.
Courtesy : manoramaonline

Check Also

14

ആരോഗ്യം വേണോ? എങ്കിൽ ബീഫ് കഴിച്ചോളൂ

മനുഷ്യശരീരത്തിന്റെ ആരോഗ്യത്തിനായി, ഭക്ഷണത്തിൽ മൂന്നു ഘടകങ്ങൾ അത്യാവശ്യമാണ്. കാർബോഹൈഡ്രേറ്റ് (അന്നജം), പ്രോട്ടീൻ (മാംസ്യം), ഫാറ്റ് (കൊഴുപ്പ്). ഇതിനുപുറമെ വൈറ്റമിനുകളും ലവണങ്ങളുമൊക്കെ …