Breaking News
Home / LIFESTYLE / Travel / ഇന്ത്യയെ തൊട്ടറിഞ്ഞ് പ്രവീണയുടെ ബുള്ളറ്റ് യാത്ര​
36

ഇന്ത്യയെ തൊട്ടറിഞ്ഞ് പ്രവീണയുടെ ബുള്ളറ്റ് യാത്ര​

കൺമുന്നിൽ പാതകളങ്ങനെ അനന്തമെന്നോണം നീണ്ടു കിടക്കുന്നുണ്ടായിരിക്കും… മഞ്ഞു മൂടിയ മലനിരകളും ഇലപൊഴിയുന്ന വനങ്ങളും വൻ കോൺക്രീറ്റ് കെട്ടിടങ്ങളുമെല്ലാം മാറി മാറി അതിരുകളാകുന്ന പല നിറമുള്ള പാതകൾ. ഏറ്റവും പ്രിയപ്പെട്ട ബുള്ളറ്റ് 350 ക്ലാസിക്കിന്‍റെ ഇരമ്പലിനോടൊപ്പം കേട്ടിട്ടു പോലുമില്ലാത്ത അപരിചിതമായ വഴികളിലൂടെയാണ് പ്രവീണയുടെ യാത്രകൾ. ബൈക്കിനോടും ബൈക്ക് യാത്രകളോടും അടങ്ങാത്ത ആവേശമുള്ള കോഴിക്കോട്ട്കാരി, പ്രവീണ വസന്ത്. ഇന്ത്യയിൽ മാത്രമല്ല നേപ്പാളിലും ഭൂട്ടാനിലൂമൊക്കെ ബുള്ളറ്റിൽ ഏകാന്തയാത്ര നടത്തിയ പെൺകുട്ടി.110 ദിവസം കൊണ്ട് ഇന്ത്യ മുഴുവൻ സോളോ റൈഡ് നടത്തി തിരിച്ചെത്തിയിരിക്കുകയാണ് പ്രവീണ.

എന്‍റെ ജീവിതം എന്‍റെ ചോയ്സാണ്
വെറുമൊരു പഞ്ച് ഡയലോഗല്ല, ഇന്ത്യ മുഴുവന്‍ ഒറ്റക്ക് ബുള്ളറ്റില്‍ താണ്ടിയ പെണ്‍കുട്ടിയുടെ വാക്കുകളാണിത്. ഇന്ത്യയില്‍ തന്നെ സോളോ റൈഡിങ്ങില്‍ ഇത്ര ദൈര്‍ഘ്യമായ യാത്ര നടത്തിയവര്‍ കുറവാണ്. പണ്ടു മുതലെ നിയമങ്ങള്‍ തെറ്റിക്കുന്ന ആളാണ് ഞാന്‍. എല്ലാവരും പറയുന്നത് കേള്‍ക്കും പക്ഷേ എന്ത് ചെയ്യണമെന്ന് ഞാന്‍ തിരുമാനിക്കുമെന്ന് പ്രവീണ പറയുന്നു,കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ അവസാനമായി നടത്തിയ റൈഡ്..കുറഞ്ഞ ദിവസത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ കിലോമീറ്റര്‍ എന്നായിരുന്നു ഈ യാത്രയുടെ ലക്ഷ്യം. 2016 ഡിസംബര്‍ പത്തിനായിരുന്നു തന്‍റെ ലക്ഷ്യത്തിനായി പ്രവീണ യാത്ര തുടങ്ങിയത്. കശ്മീരിലെ നാഥാടോപ്പിലെ വ്യോമസേന ആസ്ഥാനത്തുനിന്നായിരുന്നു ആരംഭം. 52,128 കിലോമീറ്റര്‍ ബൈക്കില്‍ ഒറ്റയ്ക്ക് സഞ്ചരിച്ച് 2017 മാര്‍ച്ച് 27ന് യാത്ര പൂര്‍ത്തിയാക്കി. യാത്രകൾ കാഴ്ചകൾക്കു വേണ്ടി മാത്രമുള്ള വെറും യാത്രകളല്ല പ്രവീണയ്ക്ക്. പാതകൾ കടന്നു പോകുന്നയിടങ്ങളെ തൊട്ടറിയാനും അവരിലൊരാളായി മാറുന്നതിനു കൂടിയുള്ള അവസരമാണ്.

ബുള്ളറ്റ് സ്വപ്നം കാണാത്ത പെൺകുട്ടി
യാത്ര തുടങ്ങിയ അന്നു തന്നെ പ്രവീണയ്ക്ക് കശ്മീരില്‍ വച്ച് ബൈക്കില്‍ കാര്‍ ഇടിച്ചുതെറിപ്പിച്ചതിനെ തുടര്‍ന്ന് ഒരു ദിവസം ഐസിയുവില്‍ കിടക്കേണ്ടിവന്നു. ഒരുമാസം റെസ്റ്റ് എടുക്കാനാണ് ഡോക്റ്റര്‍ നിര്‍ദേശിച്ചത്. എന്നാല്‍ അടുത്ത ദിവസം തന്നെ ഞാന്‍ റൈഡ് തുടര്‍ന്നുവെന്ന് പ്രവീണ. ദിവസം 500 മുതല്‍ 600 കിലോമീറ്റര്‍ വരെ ബുള്ളറ്റില്‍ സഞ്ചരിക്കുന്ന പ്രവീണ രാജ്യത്തെ എഴുന്നൂറിലേറെ സൈനികര്‍ക്ക് തന്‍റെ നന്ദി പത്രിക കൈമാറിയിരുന്നു. ആസിഡ് ആക്രമണത്തിന് ഇരയായവരെയും ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും പ്രവീണ സന്ദര്‍ശിച്ചു. കൂടാതെ യാത്രയ്ക്കിടയില്‍ അനാഥമന്ദിരങ്ങളും വൃദ്ധസദനങ്ങളും തെരുവുകുട്ടികളെ പഠിപ്പിക്കുന്ന കേന്ദ്രങ്ങളിലും എത്തി. പ്രവീണ ഛണ്ഡിഗഡിലെ ഒരു ബാങ്കില്‍ ഉദ്യോഗസ്ഥയാണ്. കോഴിക്കോട് നഗരത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ചാത്തമംഗലം വെള്ളന്നൂരിലെ സാധാരണ പെൺകുട്ടി. തിരുവനന്തപുരം റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥന്‍ വസന്ത കുമാറിന്‍റെയും സ്നേഹപ്രഭയുടെയും മകൾക്ക് ചെറുപ്പത്തിൽ റൈഡിങ് ഒരു സ്വപ്നമേ ആയിരുന്നില്ല. പറഞ്ഞു വരുമ്പോൾ വെറും മൂന്നു വര്‍ഷമേ ബൈക്ക് യാത്ര തുടങ്ങിയിട്ടെന്ന് പ്രവീണ.

യാത്രകളുടെ കൂട്ടുകാരി 

എനിക്ക് എപ്പോഴും ബുള്ളറ്റിൽ യാത്ര ചെയ്തുകൊണ്ടിരിക്കാന്‍ ഇഷ്ട്ടമാണ്, പറ്റുമെങ്കിൽ 24 മണിക്കൂറുമെന്ന് പ്രവീണ. ഒറ്റയ്ക്ക് ബൈക്ക് റൈഡിങ് നടത്തുന്നവർ വളരെ കുറവാണ്. പക്ഷേ ഞാന്‍ ഗ്രൂപ്പിന്‍റെ കൂടെ യാത്ര ചെയ്യാറില്ല. എനിക്ക് എന്‍റെയൊരു രീതിയുണ്ട്. ചിലപ്പോ ഞാന്‍ നല്ല സ്പീഡിൽ പോകും.. ചിലപ്പോ പതുക്കെ പോകും ചിലപ്പോ എല്ലാ അഞ്ചു മിനിറ്റിലും നിര്‍ത്തും ചിലപ്പോ ബുള്ളറ്റിലെ പെട്രോള്‍ തിരുന്നവരെ നിര്‍ത്തില്ല. ഗ്രൂപ്പായി യാത്ര ചെയ്യുമ്പോൾ ഇതൊന്നും നടക്കില്ല. പിന്നെ ഒരു വ്യക്തി എന്ന നിലയില്‍ ഒറ്റക്കാകുമ്പോള്‍ ഉള്ളിലേക്ക് ഇറങ്ങി ചിന്തിക്കാന്‍ പറ്റും ചിന്താഗതികള്‍ ഒക്കെ മാറും ഒരു വ്യക്തി എന്ന നിലയില്‍ നല്ല വളര്‍ച്ചയുണ്ടാകും. എല്ലാ ബൈക്കും ഇഷ്ടമാണ് എന്‍റെ ഫസ്റ്റ് ബൈക്ക് ്പള്‍സര്‍ 150 ആയിരുന്നു എപ്പോഴും ഫസ്റ്റ് ലൗ ഫസ്റ്റ് ചോയ്സ് ആയിരിക്കുമേല്ലോ.. ഡ്രീം റൈഡ് ഒന്നുമില്ല എനിക്ക് ഡ്രീം റൈഡേയില്ല.. ഡ്രീം ബൈക്കുമില്ല. ഒരു സ്പ്ലെന്‍ഡര്‍ കിട്ടിയാലും ഞാന്‍ ഓടിക്കും കാരണം ഒരോന്നിനും എന്തെങ്കിലും ഒരു പ്രത്യേകതയുണ്ടുകും. 2018ന്‍റെ തുടക്കത്തില്‍ ഓസ്ട്രോയിലേക്ക് റോഡ് മാര്‍ഗം ഒരു റെയ്ഡ് ഉദ്ദേശിക്കുന്നുണ്ട്. ഇനിയിപ്പോൾ 2018ല്‍ തന്നെ മോട്ടോ ക്രോസില്‍ ഇറങ്ങാന്‍ പദ്ധതിയുണ്ടെന്ന് പ്രവീണ. ഇന്ത്യയിലെ എല്ലാ സണ്‍സെറ്റുകളും ഞാന്‍ ബൈക്ക് വച്ച് ഫോട്ടോ എടുത്തിട്ടുണ്ട്. ഇന്ത്യന്‍ ആര്‍മിക്ക് അഭിവാദ്യം അര്‍പ്പിച്ച് ചെയ്താണ്

തിയറി ഒഫ് പ്രവീണ
ബൈക്കിൽ ദീർഘ യാത്ര ചെയ്യുന്നുണ്ടെങ്കിൽ ബുള്ളറ്റ് പണിമുടക്കിയാൽ അതിനെ ശരിയാക്കിയെടുക്കുന്നതിനുള്ള അത്യാവശ്യം ടെക്നിക്കുകളെല്ലാം യാത്രികൻ പഠിച്ചിട്ടുണ്ടായിരിക്കണമെന്നാണ് പ്രവീണയുടെ തിയറി. സത്യത്തിൽ ലേഡിറൈഡർ എന്നു പറയുന്നത് എനിക്ക് ഇഷ്ട്ടമേയല്ല. പല ലേഡി റൈഡർമാർക്കും കിക്കര്‍ അടിക്കാന്‍ പോലുമറിയില്ല ഫ്യൂസ് മാറ്റാന്‍ അറിയില്ല. എനിക്കതൊന്നും അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രവീണ. യാത്രക്കിടയിൽ വണ്ടി കേടായാൽ എന്തു ചെയ്യുമെന്ന് പലരും ചോദിക്കാറുണ്ട്. അതിനൊരു ഉത്തരമേയുള്ളൂ…വണ്ടി കേടായാല്‍ തള്ളും, അത്ര തന്നെ. 7 കിലോമീറ്റര്‍ വണ്ടി ഉന്തിയിട്ടുണ്ട് വഴിയരുകിൽ കണ്ടുമുട്ടുന്നവരൊക്കെ വണ്ടി തള്ളാൻ സഹായിച്ചിട്ടുണ്ട്. ഇപ്പോ ആലോച്ചിക്കുമ്പോള്‍ തമാശ തോന്നുന്നു… ഞാന്‍ എപ്പോഴും പറയുന്ന ഒരു കാര്യമാണ്. ഞാൻ ആദ്യം പഠിച്ചത് എങ്ങനെ ടയര്‍ ഊരാമെന്നാണ്. പഞ്ചര്‍ ഒട്ടിക്കാന്‍ എളുപ്പമാണ് പക്ഷേ ടയർ ഊരാൻ വളരെ ബുദ്ധിമുട്ടാണ് . പലയിടത്തും റോയല്‍ എന്‍ഫീൽഡിനെ കുറിച്ച് കേട്ടിട്ടുള്ള മൈക്കാനിക്കുകള്‍ പോലും കുറവാണ്. എനിക്ക് ഒരുപാട് ലിറ്റര്‍ പെട്രോള്‍ ഫ്രീയായി കിട്ടിയിട്ടുണ്ട്. ഭഷണം കഴിച്ച് ബില്ല് കൊടുക്കാന്‍ നോക്കുമ്പോള്‍ ബില്‍ ആരേങ്കിലും പേ ചെയ്തിട്ടുണ്ടാകും. കൊച്ചിയില്‍ വച്ച് എനിക്ക് ഒരാൾ 300 രൂപ തന്നിട്ടുണ്ട്. ആചേട്ടന്‍റെ ഫോട്ടോ എന്‍റെ കൈയില്‍ ഉണ്ട്. എന്‍റെ ഫ്രണ്ട്സ് ഒരുപാട് സഹായിച്ചിട്ടുണ്ട്. അങ്ങനെയെത്രയെത്ര നല്ല മുഹൂർത്തങ്ങൾ. യാത്രകളിലൂടെ ഒരുപാട് സുഹൃത്തുക്കളെയും കിട്ടിയിട്ടുണ്ട്. യാത്ര ചെയ്യുമ്പോൾ ഞാനൊരിക്കലും ജിപിഎസ് ഉപയോഗിക്കാറില്ല. ഹൈവേ കൂടുതലായി തെരഞ്ഞടുക്കാറില്ല. ഗ്രാമങ്ങളും മലയോരങ്ങളും ഒക്കെയാണ് ഇഷ്ടം. ഇടിഞ്ഞു വീണു കൊണ്ടിരിക്കുന്ന ഒരു മലയുടെ താഴ്‌വാരത്തിലൂടെ യാത്ര ചെയ്തതെല്ലാം ഒരിക്കലും മറക്കാൻ പറ്റാത്ത നിമിഷങ്ങളാണ്.

കുടുംബം
അമ്മയായിരുന്നു പണ്ടുമുതലേ ശക്തി. പണ്ടുമുതല്‍ പേര് എഴുതി കൊടുക്കുമ്പോള്‍ അമ്മയുടെ പേര് ഞാന്‍ എഴുതും. എന്‍റെ പേരിന്‍റെ കൂടെ അച്ഛന്‍റെ പേര് ഉണ്ട്. അമ്മമാരുടെ പേര് അധികം എഴുതുന്നത് അധികം കണ്ടിട്ടില്ല. മൂന്നുമാസത്തോളും റോഡില്‍ അതും സോളോ ഒരു ഗേള്‍ എന്ന രീതിയില്‍ എന്നെക്കാളും ടെന്‍ഷന്‍ അമ്മയ്ക്കായിരുന്നു. ഏറ്റവും കൂടുതല്‍ നമ്മുടെ കാര്യം നോക്കുന്നത് അമ്മമാരായിരിക്കും .. എന്നെ അമ്മ മനസിലാക്കിയിട്ടുണ്ട്. ജൂലൈയില്‍ വിവാഹത്തിനൊരുങ്ങുകയാണ് പ്രവീണ യാത്രകളെ ഏറെ സ്നേഹിക്കുന്നയാളാണ് വരൻ. അതിനു ശേഷം ലഡാക്കിലേക്ക് സോളോ അല്ലാത്തൊരു റൈഡിനൊരുങ്ങുകയാണ് താനെന്ന് പ്രവീണ.

Courtesy : metrovartha

Check Also

23

സ്വപ്നസഞ്ചാരികളുടെ സ്വർഗത്തിൽ

തണുപ്പിന്‍റെ മേലാടയണിഞ്ഞ ക്വാലാലംപൂര്‍ നഗരം ഉറക്കത്തിന്‍റെ കരിമ്പടങ്ങള്‍ മാറ്റിയിട്ടില്ല. നിശാവിളക്കുകള്‍ക്കു മീതെ പകലിന്‍റെ വെളിച്ചം പരക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ …